യാത്രകളുടെ തുടക്കം




തീരെ നിരപ്പില്ലാത്ത, അങ്ങുമിങ്ങും കുഴികൾ നിറഞ്ഞ മണ്ണിട്ട വഴിയിലൂടെയാണ് ആ യാത്ര തുടങ്ങിയത്. ലക്ഷ്യമെന്തെന്നു മറന്നു പോയിരിക്കുന്നു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന മോട്ടോർ സൈക്കിളിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന മറ്റു രണ്ടു യാത്രക്കാരും എങ്ങോട്ടാണ് പോകുന്നത്? അവരുടേതും എന്റേതും ഒരേ ലക്‌ഷ്യം തന്നെയാണോ?

ചുറ്റും കട്ടപിടിച്ചു നിൽക്കുന്ന ഇരുട്ടിൽ പുറം കാഴ്ചകൾ അവ്യക്തമാണ്. മോട്ടോർസൈക്കിളിൻറെ അരണ്ട വെളിച്ചത്തിൽ മൺ തൂളികൾ പറന്നുയരുന്നതു മാത്രം കാണാം. വണ്ടി എപ്പോഴോ ഒരു വളവു തിരിഞ്ഞപ്പോൾ വലതു വശത്തെ അഗാധമായ താഴ്ച ഞാൻ കണ്ടു. കാഴ്ചയുടെ അടിത്തട്ട് അവ്യക്തമായിരുന്നു. എന്നാൽ അത് വളരെ ആഴമുള്ളതാണെന്നു എനിക്ക് തോന്നി. പലപ്പോഴും വണ്ടി വഴിയുടെ അരികു ചേർന്നാണ് ഓടിക്കൊണ്ടിരുന്നത്‌.

അത്രയും അപകടകരമായി അരികിലൂടെ ഓടിക്കരുതെന്നു വിളിച്ചുപറയാൻ എനിക്ക് തോന്നി. എങ്കിലും അവൾ അതെല്ലാം കൃത്യമായി ശ്രദ്ധിച്ചുകൊള്ളും എന്ന വിശ്വസമായിരുന്നു എനിക്ക്.

എന്നാൽ, എപ്പോഴോ അവൾക്കു കണക്കു തെറ്റി പോയിരിക്കണം. തുടർച്ചയായ രണ്ടു കുഴികളെ മറികടക്കുന്നതിനിടയിൽ മോട്ടോർസൈക്കിൾ വഴിയരികിൽ നിന്നും തെന്നി താഴോട്ട് വീഴാൻ തുടങ്ങി. ആദ്യം നിലത്തുരഞ്ഞും പിന്നെ സ്വതന്ത്രമായും മൂന്നാളുകൾ താഴോട്ടു പറന്നു.

കൈകളും കാലുകളും വീണ്ടും വീണ്ടും പരിശോധിച്ചു പരിക്കുകളൊന്നും ഇല്ല എന്നുറപ്പു വരുത്തിയാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. മേലാകെ പൊടിഞ്ഞു നിൽക്കുന്ന വിയർപ്പു തുള്ളികളാണ് എന്റെ യാത്രയെ കുറിച്ച് അല്പമെങ്കിലും ഒരോർമ്മ തന്നത്.

പൊട്ടലുകളും ചിന്നലുകളും നിറഞ്ഞ ഒരു തറയിലാണ് ഞാൻ കിടക്കുന്നത്. ആശുപത്രി കിടക്കയിൽനിന്നും ആദ്യമായി ഒരു വീടിൻറെ സ്പർശമറിഞ്ഞത് ഇവിടെവെച്ചാണ്. വർഷങ്ങളുടെ മണങ്ങൾ പേറുന്ന ആ തറയിൽ മൂക്ക് ചേർത്തുവെച്ചു ഞാൻ കിടന്നു. ആ തറയിൽ ഞാൻ മുള്ളിയിട്ടുണ്ട്, തൂറിയിട്ടുണ്ട്, കണ്ണുനീർ വീഴ്ത്തിയിട്ടുണ്ട്. എന്റെ മുട്ടിയായാത്ത ഏതെങ്കിലും ഭാഗങ്ങൾ ഈ മുറിയിലുണ്ടോ? ശരീരത്തിന്റെ വളർച്ചക്കനുസരിച്ചു ഈ മുറിയും ഞാനും തമ്മിലുള്ള ബന്ധത്തിലും ചിന്നലുകൾ വന്നിരിക്കുന്നു. ഒരിക്കൽ എന്റെ ലോകം ഇത് മാത്രമായിരുന്നു. പിന്നീട് അവധിക്കാലം ആഘോഷിക്കാനെത്തുന്ന ഒരു വിരുന്നുകാരനായി. പിന്നെ ഒരുപാടു വർഷം കഴിഞ്ഞപ്പോൾ ഏതാനും മണിക്കൂറുകൾ മാത്രം തങ്ങാനുള്ള ഒരിടം. എങ്കിലും എന്റെ ഏറ്റവും പഴയ ഓർമ്മകൾ ഇവിടെയെവിടെയൊക്കെയോ തങ്ങി നിൽക്കുന്നു.

തീവ്രമായ ഏകാന്തത എന്നെ ആവേശിക്കുന്നതിനും മുൻപ്, എനിക്കെന്റെ നിഴൽ മാത്രം കൂട്ടുണ്ടായതിനും ഏറെ മുൻപ് ഒരിക്കലും ഒറ്റക്കല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ബാല്യത്തിന്റെ ചാപല്യങ്ങൾക്കപ്പുറം മറ്റു വികാരങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത കാലം. ഒരുപാടു മഴയും, വെയിലും, കിളിയൊച്ചകളും എന്നെ പൊതിഞ്ഞിരുന്ന കാലം.

ഒരുപാടാളുകൾ നിറഞ്ഞ ഒരു വീട്ടിൽ ഒറ്റക്കുറങ്ങാൻ ആരുമെന്നെ അനുവദിച്ചില്ല. എല്ലാവരും തരുന്നത് വാത്സല്യമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ എന്നും പുതിയ കഥകളാണ്. ഓരോരുത്തരും പറഞ്ഞു തരുന്ന കഥകളിൽ നിറങ്ങളും കാഴ്ചകളും വെവ്വേറെയാണ്. ആരോടൊപ്പം കിടന്നുറങ്ങണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അന്നെനിക്കുണ്ടായിരുന്നു.

പെണ്ണുങ്ങൾ പാവാടയും ബ്ലൗസും ധരിച്ചിരുന്ന കാലം.  'അമ്മ അടുത്തില്ലാത്തതിന്റെ സങ്കടം എനിക്ക് വരാതിരിക്കാനാവണം ഓരോരുത്തരും മത്സരിച്ചു എന്നെ അടുത്ത് കിടത്തിയത്. ആരെയെങ്കിലും കെട്ടിപിടിച്ചു കിടക്കാൻ എന്നും എനിക്ക് കൊതിയായിരുന്നു. ജീവിതമെന്ന പുസ്തകത്തിലെ ആ പഴയ താളുകൾ ഇപ്പോൾ അവ്യക്തമായി വായിക്കാം. അതിനെയാണോ ഓർമ്മകൾ എന്ന് പറയുന്നത്?  

വർഷങ്ങൾക്കപ്പുറമുള്ള ഒരു സന്ധ്യ. നിറങ്ങൾ അവ്യക്തം. പക്ഷെ അവരുടെ മുഖം എനിക്കു കാണാം. അലക്കിയ തുണികൾ അഴയിലേക്കിടുന്ന അവരെ നോക്കി ഞാൻ ഇരുന്നു. എന്നൊരുപാട് വാത്സല്യം കാണിച്ചിരുന്നു ആ സ്ത്രീ. അവർ എന്റെ അമ്മയല്ല. അമ്മയേക്കാൾ കൂടുതൽ ഒരുപക്ഷെ അവരെന്നെ ലാളിച്ചിരിക്കണം. കൈകൾ ഉയർത്തി തുണികൾ അഴയിലേക്കിടുന്ന അവരെ നോക്കി ഞാൻ ഇരുന്നു. എന്റെ കണ്ണുകൾ അവരുടെ ശരീരത്തിലൂടെ താഴോട്ട് സഞ്ചരിച്ചു. അവരുടെ പാവാടയെ അരയിൽ കെട്ടി നിറുത്തിയ ചരടിനിടയിൽ ഒരു വിടവ്. അതിലൂടെ അവർ ധരിച്ചിരുന്ന വെളുത്ത അടിവസ്ത്രത്തിന്റെ  ഒരു ചെറിയ ഭാഗം എന്റെ കണ്ണുകളിലേക്കു ആഴ്ന്നിറങ്ങി. ഭ്രാന്തമായ ഒരു തരം സ്നേഹം എനിക്കവരോട് തോന്നി.

അന്ന് രാത്രി അവരോടൊപ്പം ഞാൻ കിടന്നു. ഒരുപാട് വാത്സല്യത്തോടെ അവരെനിക്കേതോ രാജ്യത്തെ രാജകുമാരന്റെ കഥ പറഞ്ഞു തന്നു. അവരെ ഗാഢമായി കെട്ടിപിടിച്ചു ഞാൻ ഉറങ്ങി. ശാന്തം, സമാധാനം.

ഒരു തോർത്തുമുണ്ട് മാത്രമുടുത്തു ഞാൻ അടുക്കളയിലെത്തിയത് എങ്ങനെ എന്ന് ഓർമ്മയില്ല. തൊട്ടടുത്ത് അവളുണ്ട്. അവൾ ചട്ടിയിൽ ഇറച്ചി കഷ്ണങ്ങൾ നുറുക്കിയിടുന്നു. അവളുടെ അടുത്ത് നിൽക്കുമ്പോൾ ഇപ്പോൾ തോന്നുന്നത് ബാല്യത്തിന്റെ വികാരങ്ങളല്ല. ഒരു തരം നാണം കലർന്ന, ശരീരമാകെ ഇളക്കുന്ന എന്തോ ഒന്ന്. അവളോട് ചേർന്ന് നിൽക്കാൻ ആർത്തി തോന്നുന്നു. എന്റെ ശൃംഗാരം കലർന്ന സംഭാഷണത്തിനിടയിൽ കയ്യിലുള്ള കറിവേപ്പിലയുടെ തണ്ടു ഞെരിഞ്ഞമർന്നു. കട്ടിയുള്ള ആ തണ്ടിൽനിന്നും വേപ്പിലകളെ മാത്രം ഊർത്തിയെടുക്കാൻ ഞാൻ ശ്രമിച്ചു. കൈ തുറന്നു നോക്കുമ്പോൾ ഓരോ വിരലുകളിലും മുറിവുകളാണ്. അതിൽ നിന്നും ചോര ഇറ്റിറ്റു വരുന്നു. അവളുടെ മുഖത്തേക്ക് നോക്കി മുറിഞ്ഞ വിരലുകൾ ഓരോന്നായി ഞാൻ വായിലേക്കിട്ടു. ഊർന്നു വരുന്ന ചോര എന്റെ നാവിനെ അറിഞ്ഞു. "നമുക്ക് വേഗം പോകാം" ഞാൻ അവളോട് പറഞ്ഞു. "പോകാം" , അവളെന്നെ നോക്കി മന്ദഹസിച്ചു.

മോട്ടോസൈക്കിളിന്റെ താക്കോലുമെടുത്തു ഞാൻ പുറത്തേക്കു നടന്നു. പുറകിൽ കാലൊച്ചകൾ കേൾക്കാം. അതവളാണെന്നു ഉറപ്പു വരുത്താൻ ഞാൻ തിരിഞ്ഞു നോക്കി. അതെ, അതവൾ തന്നെ. ഒപ്പം അവളുടെ നടക്കാനും, മിണ്ടാനും, കുട്ടിക്കഥകൾ കേൾക്കാനും മാത്രം പ്രായമുള്ള കൊച്ചു മകനും. മോട്ടോർസൈക്കിളിൽ താക്കോൽ എന്റെ കയ്യിൽ നിന്നും വാങ്ങി അവൾ മുന്നോട്ടു നടന്നു. ഇരുട്ടിന്റെ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കികൊണ്ടു വണ്ടിയുടെ എഞ്ചിൻ മുരണ്ടു. കട്ടപിടിച്ച ഇരുട്ടിലേക്ക് ഞങ്ങൾ യാത്ര തുടങ്ങി. 

Comments

Popular posts from this blog

വരയ്ക്കാത്ത ചിത്രങ്ങൾ

രണ്ട് കുട്ടിക്കഥകൾ

അവളുടെ മൂന്നാണുങ്ങൾ