പിരിഞ്ഞു പോകലിനു മുൻപ്



കറുത്ത് തുടങ്ങിയ ആകാശത്ത്  ചെറു നക്ഷത്രങ്ങളും ഒരു കഷ്ണം ചന്ദ്രനും പതുക്കെ തെളിഞ്ഞു വന്നു. താഴെ ശാന്തമായൊഴുകുന്ന  കൊപ്പായി പുഴയിൽ കുഞ്ഞോളങ്ങൾ ഇളകുന്നത് മാത്രം കേൾക്കാമെന്നായി.  

ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു ചെറു മരത്തിൻറെ ചുവട്ടിലിരുന്ന് പുഴയുടെ നേരെ നോക്കി രണ്ടു ചെറുപ്പക്കാർ ഇരിക്കുകയാണ്. പുകയുന്ന ബീഡിയുടെ ചുവന്നറ്റം ഒരു ചുണ്ടിൽ നിന്നും മറ്റൊരു ചുണ്ടിലേക്ക്‌ കൃത്യമായ ഇടവേളകളിൽ അവർക്കിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരുപാടുനാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും പരസ്പരം തിരിച്ചറിയാതെ പോയ രണ്ടാളുകൾ. ഒരിടത്തുനിന്നും തുടങ്ങിയ യാത്ര പിന്നീട് പല വഴിക്കായിപ്പോയി.  ഇപ്പോഴിതാ ഇവിടെ , പിറന്ന നാട്ടിൽനിന്നും എത്രയോ അകലെ, അന്യമായ  ഈ ഭൂമിയിൽ ഒരു കണ്ടുമുട്ടൽ.

വാക്കുകളേക്കാൾ കൂടുതൽ കൊപ്പായി പുഴയിലെ ഓളങ്ങൾ ആണ് അവർക്കിടയിൽ സംസാരിക്കുന്നത്.അധികം വാക്കുകളില്ലാതെ ഇപ്പോൾ എല്ലാം സംസാരിക്കാമെന്നായിരിക്കുന്നു.

അവരിരിക്കുന്നതിനു കുറച്ചു മാറി പുഴയ്ക്കു കുറുകെയുള്ള പഴയ റെയിൽ പാലത്തിലൂടെ വലിയ ശബ്ദത്തോടെ ഒരു ചരക്കു വണ്ടി പാഞ്ഞു പോയി.

.........................................................................

ചുവപ്പും പച്ചയും നീലയും നിറങ്ങൾ നിറഞ്ഞ ആഘോഷ വേദികളിൽ ഇറച്ചി കഷ്ണങ്ങൾ ചവച്ചരച്ചും മദ്യക്കുപ്പികൾക്കൊപ്പം നൃത്തം ചവിട്ടിയും ക്ഷീണിച്ചു വന്നു കിടന്നുറങ്ങുമ്പോൾ അറിയുമായിരുന്നില്ല ദൂരെയെവിടെയോ പൈപ്പ് വെള്ളം കുടിച്ചു വയറു നിറച്ചു വിശപ്പിനെ പറ്റിക്കുകയാണ് കൂടപ്പിറപ്പ്  എന്ന്.

മനസ്സിനെ സ്വതന്ത്രമായി പറത്തിവിട്ടു ഇഷ്ടമുള്ള വഴികളിലൂടെ അലയുമ്പോൾ ആ കൂടപ്പിറപ്പിനു  അറിയുമായിരുന്നില്ല മറ്റെയാൾ മദ്യക്കുപ്പികളിൽ തേടുന്നത് ലഹരിയല്ല സ്വാതന്ത്ര്യമാണെന്ന് . ഒരാൾ പട്ടിണിയും സ്വാതന്ത്ര്യവും  ഒരുമിച്ചഘോഷിക്കുമ്പോൾ മറ്റെയാൾ മനസ്സിന്റെ തടവറകളിൽ ആടിതിമിർക്കുകകയായിരുന്നു.
......................................................................

വളരെ നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടലുകളിൽ എന്താണ് സംസാരിക്കാനുള്ളത്. കുടിച്ച ബിഹാരി ചാരായം ഇനിയും വാക്കുകളെ  കെട്ടഴിച്ചു വിടാൻ പ്രയാസപ്പെടുന്നതുപോലെ തോന്നി.

നീ പോയി വിളിക്കണം.നീ വിളിച്ചാൽ അവൻ വരും,” അമ്മയുടെ വാക്കുകൾ മാത്രം കൈ മുതലാക്കി നാട്ടിൽനിന്നും വണ്ടി കയറിയതാണ്.അവനു വരാനാവില്ല എന്നറിയാഞ്ഞിട്ടല്ല. അമ്മയുടെ ആഗ്രഹം നടക്കട്ടെ എന്ന് മാത്രം കരുതി.

ഒരിക്കൽ പരസ്പരം വെറുത്തിരുന്നതാണ്. നേരിട്ട് കാണുമ്പോൾ കൊന്നുകളയാനുള്ള ദേഷ്യം വരുമായിരുന്നു. "ഇതുപോലുള്ള രണ്ടെണ്ണം ആണല്ലോ എനിക്കുണ്ടായത്" എന്നും പറഞ്ഞു തലയ്ക്കു കയ്യും കൊടുത്തിരിക്കുന്ന അമ്മയുടെ ചിത്രം ഓർമ്മവന്നു.

ജീവിതങ്ങൾ അങ്ങനെ വട്ടം കറങ്ങുകയാണ്,ഓരോരോ വികൃതികൾ കാണിച്ചുകൊണ്ട്...അടുത്തിരുന്നവർ അകലുന്നു...അകന്നിരുന്നവർ അടുക്കുന്നു...ഇഷ്ടപ്പെട്ടിരുന്നവർ വെറുക്കുന്നു...എന്നും കണ്ടിരുന്നവർ ഒരിക്കലും കാണാനാവാത്തവിധം കണ്‍മുൻപിൽനിന്നും മറയുന്നു.

ഓരോ സ്ഥലങ്ങൾക്കും ഓരോ ശക്തിയുണ്ടെടാ...ചിലത് നമ്മളെ കെട്ടിയിടും...ചിലത് ഓടിച്ചുവിടും..." തിരിച്ചുവരവിൻറെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.

ഓരോ തവണ കാണുമ്പോഴും മുൻപ് കണ്ടിരുന്ന ആളെയല്ല കാണുന്നത്. ജീവിതം  മുന്നോട്ടു കൊണ്ടെത്തിക്കുന്ന പുതിയ തീരങ്ങൾ,പുതിയ കാഴ്ചകൾ, പുതിയ മനുഷ്യർ. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന രണ്ടു ജീവനുകൾ. എങ്കിലും പരസ്പരം തിരിച്ചറിയിക്കുന്ന എന്തോ ഒന്ന് മാത്രം മാഞ്ഞു  പോകാതെ ബാക്കി നില്ക്കുന്നു.

ഒന്നും മിണ്ടാതെ എത്ര നേരമാണ് ഓളങ്ങളുടെ ശബ്ദങ്ങൾ മാത്രം കേട്ട് ഇരുന്നതെന്ന് അറിയില്ല. "നേരം വൈകി.നാളെ നേരത്തെ എഴുന്നെൽക്കണ്ടതല്ലേ" എന്നും പറഞ്ഞു ഒരാൾ എഴുന്നേറ്റു. കൊപ്പായി പുഴയുടെ കുറുകെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു തീവണ്ടി കൂടി പാഞ്ഞു പോയി.


...................................................................................

അതിരാവിലെയുള്ള തണുത്ത കാറ്റ്  മൂക്കിലും ചെവിയിലും കുത്തി കയറുകയാണ്. സൈക്കിൾ റിക്ഷയുടെ ചെറിയ കുലുക്കം മാത്രമേ അറിയുന്നുള്ളൂ. ഒരു ചെറിയ തീവണ്ടി സ്റ്റേഷന് മുൻപിൽ ഇറങ്ങി രണ്ടാളും അകത്തേക്ക് നടന്നു. ഒരാൾക്കുള്ള ടിക്കറ്റ്‌ മാത്രമേ വേണ്ടു. ഒരാൾ ഇവിടെ അവശേഷിക്കും.

ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോമിലേക്ക് നടന്നു. ദൂരയാത്രയ്ക്കു തയ്യാറെടുത്തു നില്ക്കുന്ന കുറച്ചു പേരല്ലാതെ കാര്യമായ തിരക്കൊന്നുമില്ല. രണ്ടു മൂന്നു പശുക്കളെയും ഒരു കൂട്ടം ആടുകളെയും മേച്ചു കൊണ്ട് ഒരു പയ്യൻ അപ്പുറത്തെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നു. എന്തോ പറയാൻ വന്നത് ആടുകളുടെ ഉറക്കനെയുള്ള കരച്ചിലിൽ മാഞ്ഞു പോയി.

പുറപ്പെടുന്നതിനു തൊട്ടു മുൻപുള്ള കാത്തിരിപ്പിനിടയിൽ എന്താണ് പറയുക? ഇത് പോലുള്ള കാത്തിരിപ്പുകൾ നിശബ്ദമായി പോകുന്നതെന്തേ?

ഇനി എപ്പോൾ കാണുമെന്നു പോലും ഉറപ്പില്ലാതെ പിരിയുമ്പോൾ ഒന്നും പറയാനാകാതെ, മുഖത്തേക്ക് നോക്കാതെ, നീണ്ടു കിടക്കുന്ന തീവണ്ടി പാളങ്ങളിൽ മാത്രം നോക്കിയിരിക്കുകയാണ്.

നീണ്ട ഒരു ചൂളം വിളിയാണ് പെട്ടെന്ന് ചിന്തകളിൽ നിന്നും വിളിച്ചു ഉണർത്തിയത്. വണ്ടി വരുന്നു അവൻ പറഞ്ഞു. എന്തൊക്കെയോ ഊർജം സംഭരിച്ചു എഴുന്നേറ്റുനിന്നു ശക്തിയായി ഒന്ന് ശ്വസിച്ചു.വണ്ടി അങ്ങനെ ഇഴഞ്ഞു വരികയാണ്. നീ ഒന്നു കൂടെ ആലോചിക്ക്..പറ്റുമെങ്കിൽ വരൂ  എന്നൊരിക്കൽ കൂടെ പറഞ്ഞു. അവൻ ഒന്നു പതുക്കെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല...മറുപടിയായി.

വണ്ടി പ്ലാറ്റ്ഫോമിൽ വന്നു നിന്നു.അധികം ആളുകൾ ഇറങ്ങാനും കയറാനും ഇല്ല. മുപ്പതു നിമിഷങ്ങളോളം ഉള്ള ഒരു ചെറിയ നിർത്തൽ...പിന്നെ വേഗമാണ്...എല്ലാം പുറകിൽ ഉപേക്ഷിച്ചുകൊണ്ട്.

അമ്മയെ വിശ്വസിപ്പിക്കാനുള്ള നുണകളുടെ ഭാണ്‍ഡ്ഡക്കെട്ട് മടക്കയാത്രയിൽ തുന്നി തീർക്കണം. ഈ യാത്ര അപ്പോഴേ അവസാനിക്കൂ..മഹാനഗരത്തെ ലക്ഷ്യമാക്കി ആ തീവണ്ടി വീണ്ടും കുതിച്ചു...ഒരാളെ മാത്രം പുറകിലാക്കിക്കൊണ്ട്.

Comments

Popular posts from this blog

വരയ്ക്കാത്ത ചിത്രങ്ങൾ

രണ്ട് കുട്ടിക്കഥകൾ

അവളുടെ മൂന്നാണുങ്ങൾ