Saturday, 28 March 2015

മഴയെ പ്രണയിച്ച പെണ്‍കുട്ടിഎപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഉണർന്നപ്പോൾ വണ്ടി ചുരം കയറിതുടങ്ങിയിരുന്നു. അകത്ത് ആളുകൾ തീരെ കുറവാണ്. തൊട്ടു മുമ്പത്തെ ടൌണിൽ ഒരുപാടാളുകൾ ഇറങ്ങിയിരിക്കണം.

മൂടിക്കെട്ടിയ ആകാശം ചുറ്റുമുള്ള പച്ചപ്പിന്റെ തിളക്കത്തെ മായ്ച്ചു കളഞ്ഞിരിക്കുന്നു. മഴ പെയ്തിരുന്നെങ്കിൽ എന്ന്  കൊതിച്ചു.പെയ്തു തീരാത്ത മഴകളാണ് മാനത്തും മനസ്സിലും. എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ  ഇന്നലെകളിലേക്ക് വലിച്ചു കൊണ്ട്  പോകുകയാണ്.

എത്ര മനോഹരമായ പ്രഭാതമായിരുന്നു അന്ന്. പകൽ വെളിച്ചത്തിൽ കുളിച്ചു നില്ക്കുന്ന പച്ചക്കാട്. ചുരം കയറുമ്പോൾ ഉള്ള തണുത്ത കാറ്റിനു കാടിന്റെ മണമായിരുന്നു. അന്നൊറ്റക്കായിരുന്നില്ല. ഈ ചുരത്തിന് അപ്പുറം പച്ചപുതച്ച  ഒരു താഴ്വരയുണ്ട്. അതായിരുന്നു യാത്രാ ലക്‌ഷ്യം.

പച്ചപ്പുല്ലും കുഞ്ഞു പൂക്കളും നിറഞ്ഞ ആ  താഴ്വരയിലൂടെ അവൾ ഓടി. കൈകൾ ആകാശത്തേക്ക് വിരിച്ചു പിടിച്ച് അവൾ കിതച്ചു. സ്വാതന്ത്രത്തിന്റെ  കിതപ്പ്. വിയർപ്പുതുള്ളികൾ അവളുടെ നെറ്റിത്തടത്തിലും  ചുണ്ടിനു മുകളിലും നിന്ന് തിളങ്ങി........"പൂക്കളുടെ ഈ താഴ്‌വരയിൽ ജീവിച്ചു മരിക്കണം"...ഓടുന്നതിനിടയിൽ ഇടയ്ക്കിടെ നിന്ന് പുല്ലിനെയും പൂക്കളെയും തലോടി അവൾ പറഞ്ഞു.

"നീയിങ്ങനെ ഓടാതെ പെണ്ണേ. ഇനിയും കുറെ നടന്നാലേ മുത്തപ്പൻ മുടിയിലെത്തൂ.അവിടെ നിന്ന് എന്താഗ്രഹിച്ചാലും നടക്കും," അത് കേൾക്കാതെ അവൾ വീണ്ടും ഓടാൻ തുടങ്ങി.

വണ്ടി പെട്ടന്ന് ബ്രേയ്ക്കിട്ടു നിർത്തിയത് ഓർമ ചരടുകളെ പൊട്ടിച്ചു കളഞ്ഞു.എതിരെ വന്ന ചരക്കുലോറി വഴി മുടക്കി നില്ക്കുകയാണ്.ഡ്രൈവർമാർ  അങ്ങോട്ടുമിങ്ങോട്ടും ആംഗ്യ ഭാഷയിലൂടെ കാര്യം  ശെരിയാക്കാൻ നോക്കുകയാണ്.ആകാശം കറുത്ത് ഇരുണ്ടു കഴിഞ്ഞു.കൊച്ചു മിന്നലുകളും ഇടി മുഴക്കങ്ങളും.മഴയുടെ തുടക്കമാണ്.കാട്ടിലെ മഴ...

മഴ എന്നും അവൾക്ക് ഒരാവേശമായിരുന്നു. മഴപെയ്യാൻ തുടങ്ങുമ്പോഴേ എനിക്ക് നനയണം എന്നും പറഞ്ഞു അവൾ പുറത്തേക്ക്  ഓടും. മഴയത്തു നിൽക്കുമ്പോൾ ദേഹത്ത് വീഴുന്ന ഓരോ മഴതുള്ളികളെയും അവൾ അറിഞ്ഞിരുന്നു....അവർക്ക് ജീവനുണ്ട്...അവൾ പറയും. അവൾ മഴതുള്ളികളോട് മിണ്ടും,ചിരിക്കും, കരയും. എന്തൊരു പെണ്ണ് ?

വണ്ടി വീണ്ടും ഓടാൻ തുടങ്ങി.മൂടൽ മഞ്ഞു പുതച്ചു നില്ക്കുന്ന മുത്തപ്പൻ മുടി ദൂരെ അവ്യക്തമായി കാണാം.എന്താഗ്രഹിച്ചാലും കിട്ടുന്ന ആ കുന്നിൻ മുകളിൽ നിന്ന് അവൾ അന്നെന്താകും മനസ്സിൽ പറഞ്ഞിട്ടുണ്ടാകുക? ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് മാത്രമേ അന്ന് കണ്ടുള്ളൂ.

വണ്ടിയിറങ്ങി നടക്കാൻ തുടങ്ങിയത് എപ്പോഴാണെന്ന് ഓർമയില്ല. അവൾ അന്നോടിയ പുൽമെത്തയിലൂടെ ആരാണ് നടത്തിക്കുന്നത്? മുത്തപ്പൻ മുടി ഇനിയും ദൂരെയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നു. ദീർഘയാത്രയുടെ ക്ഷീണമില്ല.മുകളിലെത്താനുള്ള ആഗ്രഹം മാത്രം.

മുത്തപ്പൻ മുടിയിൽ നിന്ന് പെരുംമഴ കൊള്ളണം...മഴ കൊണ്ട് നനയണം ...മഴയത്തു നിന്ന് പൊട്ടി ചിരിക്കണം, ഏങ്ങിയേങ്ങി കരയണം... ആരും ഒന്നും കാണില്ല, അറിയില്ല... ഓരോ മഴ തുള്ളിയും ശരീരത്തെ തൊടുന്നത് അനുഭവിക്കണം...ആ ഉന്മാദമാണ്‌ മഴ...അത് പെയ്തു തീരണം.

ഇടിമുഴക്കങ്ങൾ മഴയുടെ വരവ് കാഹളമൂതി അറിയിക്കുകയാണ്...മഴയുടെ ഇരമ്പൽ  ദൂരെ നിന്ന് കേൾക്കാം...കാലടികൾക്ക് വേഗം കൂടുകയാണ്...പെയ്തൊഴിയാനുള്ള സമയമായി.. ആകാശത്ത് നിന്ന് തീനാമ്പുകൾ മുത്തപ്പൻ മുടിയിലേക്ക് ഇറങ്ങുകയാണ്...ശാപമോക്ഷം തന്നനുഗ്രഹിക്കാൻ.