Tuesday, 28 April 2015

പിരിഞ്ഞു പോകലിനു മുൻപ്കറുത്ത് തുടങ്ങിയ ആകാശത്ത്  ചെറു നക്ഷത്രങ്ങളും ഒരു കഷ്ണം ചന്ദ്രനും പതുക്കെ തെളിഞ്ഞു വന്നു. താഴെ ശാന്തമായൊഴുകുന്ന  കൊപ്പായി പുഴയിൽ കുഞ്ഞോളങ്ങൾ ഇളകുന്നത് മാത്രം കേൾക്കാമെന്നായി.  

ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു ചെറു മരത്തിൻറെ ചുവട്ടിലിരുന്ന് പുഴയുടെ നേരെ നോക്കി രണ്ടു ചെറുപ്പക്കാർ ഇരിക്കുകയാണ്. പുകയുന്ന ബീഡിയുടെ ചുവന്നറ്റം ഒരു ചുണ്ടിൽ നിന്നും മറ്റൊരു ചുണ്ടിലേക്ക്‌ കൃത്യമായ ഇടവേളകളിൽ അവർക്കിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരുപാടുനാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും പരസ്പരം തിരിച്ചറിയാതെ പോയ രണ്ടാളുകൾ. ഒരിടത്തുനിന്നും തുടങ്ങിയ യാത്ര പിന്നീട് പല വഴിക്കായിപ്പോയി.  ഇപ്പോഴിതാ ഇവിടെ , പിറന്ന നാട്ടിൽനിന്നും എത്രയോ അകലെ, അന്യമായ  ഈ ഭൂമിയിൽ ഒരു കണ്ടുമുട്ടൽ.

വാക്കുകളേക്കാൾ കൂടുതൽ കൊപ്പായി പുഴയിലെ ഓളങ്ങൾ ആണ് അവർക്കിടയിൽ സംസാരിക്കുന്നത്.അധികം വാക്കുകളില്ലാതെ ഇപ്പോൾ എല്ലാം സംസാരിക്കാമെന്നായിരിക്കുന്നു.

അവരിരിക്കുന്നതിനു കുറച്ചു മാറി പുഴയ്ക്കു കുറുകെയുള്ള പഴയ റെയിൽ പാലത്തിലൂടെ വലിയ ശബ്ദത്തോടെ ഒരു ചരക്കു വണ്ടി പാഞ്ഞു പോയി.

.........................................................................

ചുവപ്പും പച്ചയും നീലയും നിറങ്ങൾ നിറഞ്ഞ ആഘോഷ വേദികളിൽ ഇറച്ചി കഷ്ണങ്ങൾ ചവച്ചരച്ചും മദ്യക്കുപ്പികൾക്കൊപ്പം നൃത്തം ചവിട്ടിയും ക്ഷീണിച്ചു വന്നു കിടന്നുറങ്ങുമ്പോൾ അറിയുമായിരുന്നില്ല ദൂരെയെവിടെയോ പൈപ്പ് വെള്ളം കുടിച്ചു വയറു നിറച്ചു വിശപ്പിനെ പറ്റിക്കുകയാണ് കൂടപ്പിറപ്പ്  എന്ന്.

മനസ്സിനെ സ്വതന്ത്രമായി പറത്തിവിട്ടു ഇഷ്ടമുള്ള വഴികളിലൂടെ അലയുമ്പോൾ ആ കൂടപ്പിറപ്പിനു  അറിയുമായിരുന്നില്ല മറ്റെയാൾ മദ്യക്കുപ്പികളിൽ തേടുന്നത് ലഹരിയല്ല സ്വാതന്ത്ര്യമാണെന്ന് . ഒരാൾ പട്ടിണിയും സ്വാതന്ത്ര്യവും  ഒരുമിച്ചഘോഷിക്കുമ്പോൾ മറ്റെയാൾ മനസ്സിന്റെ തടവറകളിൽ ആടിതിമിർക്കുകകയായിരുന്നു.
......................................................................

വളരെ നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടലുകളിൽ എന്താണ് സംസാരിക്കാനുള്ളത്. കുടിച്ച ബിഹാരി ചാരായം ഇനിയും വാക്കുകളെ  കെട്ടഴിച്ചു വിടാൻ പ്രയാസപ്പെടുന്നതുപോലെ തോന്നി.

നീ പോയി വിളിക്കണം.നീ വിളിച്ചാൽ അവൻ വരും,” അമ്മയുടെ വാക്കുകൾ മാത്രം കൈ മുതലാക്കി നാട്ടിൽനിന്നും വണ്ടി കയറിയതാണ്.അവനു വരാനാവില്ല എന്നറിയാഞ്ഞിട്ടല്ല. അമ്മയുടെ ആഗ്രഹം നടക്കട്ടെ എന്ന് മാത്രം കരുതി.

ഒരിക്കൽ പരസ്പരം വെറുത്തിരുന്നതാണ്. നേരിട്ട് കാണുമ്പോൾ കൊന്നുകളയാനുള്ള ദേഷ്യം വരുമായിരുന്നു. "ഇതുപോലുള്ള രണ്ടെണ്ണം ആണല്ലോ എനിക്കുണ്ടായത്" എന്നും പറഞ്ഞു തലയ്ക്കു കയ്യും കൊടുത്തിരിക്കുന്ന അമ്മയുടെ ചിത്രം ഓർമ്മവന്നു.

ജീവിതങ്ങൾ അങ്ങനെ വട്ടം കറങ്ങുകയാണ്,ഓരോരോ വികൃതികൾ കാണിച്ചുകൊണ്ട്...അടുത്തിരുന്നവർ അകലുന്നു...അകന്നിരുന്നവർ അടുക്കുന്നു...ഇഷ്ടപ്പെട്ടിരുന്നവർ വെറുക്കുന്നു...എന്നും കണ്ടിരുന്നവർ ഒരിക്കലും കാണാനാവാത്തവിധം കണ്‍മുൻപിൽനിന്നും മറയുന്നു.

ഓരോ സ്ഥലങ്ങൾക്കും ഓരോ ശക്തിയുണ്ടെടാ...ചിലത് നമ്മളെ കെട്ടിയിടും...ചിലത് ഓടിച്ചുവിടും..." തിരിച്ചുവരവിൻറെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.

ഓരോ തവണ കാണുമ്പോഴും മുൻപ് കണ്ടിരുന്ന ആളെയല്ല കാണുന്നത്. ജീവിതം  മുന്നോട്ടു കൊണ്ടെത്തിക്കുന്ന പുതിയ തീരങ്ങൾ,പുതിയ കാഴ്ചകൾ, പുതിയ മനുഷ്യർ. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന രണ്ടു ജീവനുകൾ. എങ്കിലും പരസ്പരം തിരിച്ചറിയിക്കുന്ന എന്തോ ഒന്ന് മാത്രം മാഞ്ഞു  പോകാതെ ബാക്കി നില്ക്കുന്നു.

ഒന്നും മിണ്ടാതെ എത്ര നേരമാണ് ഓളങ്ങളുടെ ശബ്ദങ്ങൾ മാത്രം കേട്ട് ഇരുന്നതെന്ന് അറിയില്ല. "നേരം വൈകി.നാളെ നേരത്തെ എഴുന്നെൽക്കണ്ടതല്ലേ" എന്നും പറഞ്ഞു ഒരാൾ എഴുന്നേറ്റു. കൊപ്പായി പുഴയുടെ കുറുകെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു തീവണ്ടി കൂടി പാഞ്ഞു പോയി.


...................................................................................

അതിരാവിലെയുള്ള തണുത്ത കാറ്റ്  മൂക്കിലും ചെവിയിലും കുത്തി കയറുകയാണ്. സൈക്കിൾ റിക്ഷയുടെ ചെറിയ കുലുക്കം മാത്രമേ അറിയുന്നുള്ളൂ. ഒരു ചെറിയ തീവണ്ടി സ്റ്റേഷന് മുൻപിൽ ഇറങ്ങി രണ്ടാളും അകത്തേക്ക് നടന്നു. ഒരാൾക്കുള്ള ടിക്കറ്റ്‌ മാത്രമേ വേണ്ടു. ഒരാൾ ഇവിടെ അവശേഷിക്കും.

ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോമിലേക്ക് നടന്നു. ദൂരയാത്രയ്ക്കു തയ്യാറെടുത്തു നില്ക്കുന്ന കുറച്ചു പേരല്ലാതെ കാര്യമായ തിരക്കൊന്നുമില്ല. രണ്ടു മൂന്നു പശുക്കളെയും ഒരു കൂട്ടം ആടുകളെയും മേച്ചു കൊണ്ട് ഒരു പയ്യൻ അപ്പുറത്തെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നു. എന്തോ പറയാൻ വന്നത് ആടുകളുടെ ഉറക്കനെയുള്ള കരച്ചിലിൽ മാഞ്ഞു പോയി.

പുറപ്പെടുന്നതിനു തൊട്ടു മുൻപുള്ള കാത്തിരിപ്പിനിടയിൽ എന്താണ് പറയുക? ഇത് പോലുള്ള കാത്തിരിപ്പുകൾ നിശബ്ദമായി പോകുന്നതെന്തേ?

ഇനി എപ്പോൾ കാണുമെന്നു പോലും ഉറപ്പില്ലാതെ പിരിയുമ്പോൾ ഒന്നും പറയാനാകാതെ, മുഖത്തേക്ക് നോക്കാതെ, നീണ്ടു കിടക്കുന്ന തീവണ്ടി പാളങ്ങളിൽ മാത്രം നോക്കിയിരിക്കുകയാണ്.

നീണ്ട ഒരു ചൂളം വിളിയാണ് പെട്ടെന്ന് ചിന്തകളിൽ നിന്നും വിളിച്ചു ഉണർത്തിയത്. വണ്ടി വരുന്നു അവൻ പറഞ്ഞു. എന്തൊക്കെയോ ഊർജം സംഭരിച്ചു എഴുന്നേറ്റുനിന്നു ശക്തിയായി ഒന്ന് ശ്വസിച്ചു.വണ്ടി അങ്ങനെ ഇഴഞ്ഞു വരികയാണ്. നീ ഒന്നു കൂടെ ആലോചിക്ക്..പറ്റുമെങ്കിൽ വരൂ  എന്നൊരിക്കൽ കൂടെ പറഞ്ഞു. അവൻ ഒന്നു പതുക്കെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല...മറുപടിയായി.

വണ്ടി പ്ലാറ്റ്ഫോമിൽ വന്നു നിന്നു.അധികം ആളുകൾ ഇറങ്ങാനും കയറാനും ഇല്ല. മുപ്പതു നിമിഷങ്ങളോളം ഉള്ള ഒരു ചെറിയ നിർത്തൽ...പിന്നെ വേഗമാണ്...എല്ലാം പുറകിൽ ഉപേക്ഷിച്ചുകൊണ്ട്.

അമ്മയെ വിശ്വസിപ്പിക്കാനുള്ള നുണകളുടെ ഭാണ്‍ഡ്ഡക്കെട്ട് മടക്കയാത്രയിൽ തുന്നി തീർക്കണം. ഈ യാത്ര അപ്പോഴേ അവസാനിക്കൂ..മഹാനഗരത്തെ ലക്ഷ്യമാക്കി ആ തീവണ്ടി വീണ്ടും കുതിച്ചു...ഒരാളെ മാത്രം പുറകിലാക്കിക്കൊണ്ട്.

Saturday, 28 March 2015

മഴയെ പ്രണയിച്ച പെണ്‍കുട്ടിഎപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഉണർന്നപ്പോൾ വണ്ടി ചുരം കയറിതുടങ്ങിയിരുന്നു. അകത്ത് ആളുകൾ തീരെ കുറവാണ്. തൊട്ടു മുമ്പത്തെ ടൌണിൽ ഒരുപാടാളുകൾ ഇറങ്ങിയിരിക്കണം.

മൂടിക്കെട്ടിയ ആകാശം ചുറ്റുമുള്ള പച്ചപ്പിന്റെ തിളക്കത്തെ മായ്ച്ചു കളഞ്ഞിരിക്കുന്നു. മഴ പെയ്തിരുന്നെങ്കിൽ എന്ന്  കൊതിച്ചു.പെയ്തു തീരാത്ത മഴകളാണ് മാനത്തും മനസ്സിലും. എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ  ഇന്നലെകളിലേക്ക് വലിച്ചു കൊണ്ട്  പോകുകയാണ്.

എത്ര മനോഹരമായ പ്രഭാതമായിരുന്നു അന്ന്. പകൽ വെളിച്ചത്തിൽ കുളിച്ചു നില്ക്കുന്ന പച്ചക്കാട്. ചുരം കയറുമ്പോൾ ഉള്ള തണുത്ത കാറ്റിനു കാടിന്റെ മണമായിരുന്നു. അന്നൊറ്റക്കായിരുന്നില്ല. ഈ ചുരത്തിന് അപ്പുറം പച്ചപുതച്ച  ഒരു താഴ്വരയുണ്ട്. അതായിരുന്നു യാത്രാ ലക്‌ഷ്യം.

പച്ചപ്പുല്ലും കുഞ്ഞു പൂക്കളും നിറഞ്ഞ ആ  താഴ്വരയിലൂടെ അവൾ ഓടി. കൈകൾ ആകാശത്തേക്ക് വിരിച്ചു പിടിച്ച് അവൾ കിതച്ചു. സ്വാതന്ത്രത്തിന്റെ  കിതപ്പ്. വിയർപ്പുതുള്ളികൾ അവളുടെ നെറ്റിത്തടത്തിലും  ചുണ്ടിനു മുകളിലും നിന്ന് തിളങ്ങി........"പൂക്കളുടെ ഈ താഴ്‌വരയിൽ ജീവിച്ചു മരിക്കണം"...ഓടുന്നതിനിടയിൽ ഇടയ്ക്കിടെ നിന്ന് പുല്ലിനെയും പൂക്കളെയും തലോടി അവൾ പറഞ്ഞു.

"നീയിങ്ങനെ ഓടാതെ പെണ്ണേ. ഇനിയും കുറെ നടന്നാലേ മുത്തപ്പൻ മുടിയിലെത്തൂ.അവിടെ നിന്ന് എന്താഗ്രഹിച്ചാലും നടക്കും," അത് കേൾക്കാതെ അവൾ വീണ്ടും ഓടാൻ തുടങ്ങി.

വണ്ടി പെട്ടന്ന് ബ്രേയ്ക്കിട്ടു നിർത്തിയത് ഓർമ ചരടുകളെ പൊട്ടിച്ചു കളഞ്ഞു.എതിരെ വന്ന ചരക്കുലോറി വഴി മുടക്കി നില്ക്കുകയാണ്.ഡ്രൈവർമാർ  അങ്ങോട്ടുമിങ്ങോട്ടും ആംഗ്യ ഭാഷയിലൂടെ കാര്യം  ശെരിയാക്കാൻ നോക്കുകയാണ്.ആകാശം കറുത്ത് ഇരുണ്ടു കഴിഞ്ഞു.കൊച്ചു മിന്നലുകളും ഇടി മുഴക്കങ്ങളും.മഴയുടെ തുടക്കമാണ്.കാട്ടിലെ മഴ...

മഴ എന്നും അവൾക്ക് ഒരാവേശമായിരുന്നു. മഴപെയ്യാൻ തുടങ്ങുമ്പോഴേ എനിക്ക് നനയണം എന്നും പറഞ്ഞു അവൾ പുറത്തേക്ക്  ഓടും. മഴയത്തു നിൽക്കുമ്പോൾ ദേഹത്ത് വീഴുന്ന ഓരോ മഴതുള്ളികളെയും അവൾ അറിഞ്ഞിരുന്നു....അവർക്ക് ജീവനുണ്ട്...അവൾ പറയും. അവൾ മഴതുള്ളികളോട് മിണ്ടും,ചിരിക്കും, കരയും. എന്തൊരു പെണ്ണ് ?

വണ്ടി വീണ്ടും ഓടാൻ തുടങ്ങി.മൂടൽ മഞ്ഞു പുതച്ചു നില്ക്കുന്ന മുത്തപ്പൻ മുടി ദൂരെ അവ്യക്തമായി കാണാം.എന്താഗ്രഹിച്ചാലും കിട്ടുന്ന ആ കുന്നിൻ മുകളിൽ നിന്ന് അവൾ അന്നെന്താകും മനസ്സിൽ പറഞ്ഞിട്ടുണ്ടാകുക? ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് മാത്രമേ അന്ന് കണ്ടുള്ളൂ.

വണ്ടിയിറങ്ങി നടക്കാൻ തുടങ്ങിയത് എപ്പോഴാണെന്ന് ഓർമയില്ല. അവൾ അന്നോടിയ പുൽമെത്തയിലൂടെ ആരാണ് നടത്തിക്കുന്നത്? മുത്തപ്പൻ മുടി ഇനിയും ദൂരെയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നു. ദീർഘയാത്രയുടെ ക്ഷീണമില്ല.മുകളിലെത്താനുള്ള ആഗ്രഹം മാത്രം.

മുത്തപ്പൻ മുടിയിൽ നിന്ന് പെരുംമഴ കൊള്ളണം...മഴ കൊണ്ട് നനയണം ...മഴയത്തു നിന്ന് പൊട്ടി ചിരിക്കണം, ഏങ്ങിയേങ്ങി കരയണം... ആരും ഒന്നും കാണില്ല, അറിയില്ല... ഓരോ മഴ തുള്ളിയും ശരീരത്തെ തൊടുന്നത് അനുഭവിക്കണം...ആ ഉന്മാദമാണ്‌ മഴ...അത് പെയ്തു തീരണം.

ഇടിമുഴക്കങ്ങൾ മഴയുടെ വരവ് കാഹളമൂതി അറിയിക്കുകയാണ്...മഴയുടെ ഇരമ്പൽ  ദൂരെ നിന്ന് കേൾക്കാം...കാലടികൾക്ക് വേഗം കൂടുകയാണ്...പെയ്തൊഴിയാനുള്ള സമയമായി.. ആകാശത്ത് നിന്ന് തീനാമ്പുകൾ മുത്തപ്പൻ മുടിയിലേക്ക് ഇറങ്ങുകയാണ്...ശാപമോക്ഷം തന്നനുഗ്രഹിക്കാൻ.Thursday, 5 February 2015

വരയ്ക്കാത്ത ചിത്രങ്ങൾ

തീവണ്ടി ജനാലയിലൂടെ  മുഖത്തേക്ക് ചീറിയടിക്കുന്ന  തണുത്തകാറ്റ് ചിന്തകളെപ്പോലും ഒരിടത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുന്നു.മനസ്സിനെ എന്നും അടുത്തറിയുന്ന കണ്ണുകൾ നനഞ്ഞിരിക്കുന്നു  . വെറുതെയിരിക്കുമ്പോൾ വന്യമായ കാറ്റിനെപ്പോലെ  മനസ്സിനെ അഴിച്ചുവിടുക എന്നും ഇഷ്ടവിനോദമായിരുന്നു. പക്ഷെ പലപ്പോഴും  അതങ്ങനെ എന്തോ തിരഞ്ഞ് അലയാൻ തുടങ്ങും. ഏറ്റവും പഴയ ഓർമകളിലൂടെ ഊളിയിട്ടു, മറന്നുപോയ കാഴ്ചകൾ തിരയുമ്പോൾ ഏറ്റവും അവസാനം എത്തിച്ചേരുന്ന ഒരിടം. 

ആദ്യമായി കണ്ട കാഴ്ച എന്താണ്? ഒരിക്കലും ഓർത്തു എടുക്കാനാവാത്തവിധം മാഞ്ഞുപോയ കാഴ്ചകൾ. ഓർമയുടെ പുസ്തകത്താളുകളിൽ കോറിയിടാതെപ്പോയ ആ ചിത്രങ്ങൾ കണ്ടെടുക്കാൻ എത്രയോ തവണ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.അവസാനം എപ്പോഴും ചെന്നെത്തുന്നത് ഒരിടത്ത്- ആഘോഷങ്ങളുടെയും പൊട്ടിച്ചിരികളുടെയും ഇടയിൽ പെട്ടന്ന് ഒരു നിമിഷം നിശ്ചലമായ ഹൃദയവുമായി തരിച്ചു നില്ക്കുന്ന അമ്മയുടെ മുഖം- ജീവിതത്തിന്റെ അനിവാര്യമായ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെന്നപോലെ നിസ്സഹായയായി നില്ക്കുന്ന അമ്മയെ ഒരു നിമിഷം ഓർത്തു പോയി. സ്കൂളിൽ പോകുമ്പോൾ പേടിയായിരുന്നു.തിരിച്ചു ചെല്ലുമ്പോൾ അമ്മയില്ലെങ്കിലോ. എപ്പോൾ വേണമെങ്കിലും നിലച്ചു പൊയെക്കാമെന്നു ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന സ്പന്ദനങ്ങൾ ആണ് ആ ജീവനെ പിടിച്ചു നിർത്തിയിരുന്നത് .

ജനിതകമായും  ഭൌതികമായും അമ്മ എന്ന വാക്കിനെ എത്രയോ തവണ വിശദീകരിച്ചു സ്വയം സംതൃപ്തിപ്പെടാൻ ശ്രമിച്ചതാണ്. ഞാൻ എന്നെ അറിയുന്നതിന് മുന്പേ ഞാൻ അറിഞ്ഞവൾ,എന്നെ അറിഞ്ഞവൾ. യുക്തിക്ക് അപ്പുറമുള്ള എന്തോ ഒരു ബന്ധം .അതെന്താണ് എന്ന് അറിയണമെന്ന് ഇപ്പോൾ തോന്നുന്നില്ല.

മരുന്നുകളുടെയും അണൂനാശിനികളുടെയും മണം നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ നടക്കുകയാണ്.നീണ്ട യാത്രയുടെ ക്ഷീണം ശരീരത്തെ തളർത്തിയിരിക്കുന്നു.അവിടെയും ഇവിടെയും പ്രതീക്ഷിച്ചും പ്രതീക്ഷ നശിച്ചും  ഇരിക്കുന്ന രോഗികളും കാഴ്ചക്കാരും.ആ ഇടനാഴി മുഴുവൻ ചുടുചോരയുടെ നിറത്തിൽ പ്രകാശം പരത്തിക്കൊണ്ട്‌ ഓപ്പെറേഷൻ തീയേറ്ററിന്റെ വാതിലിൽ ചുവന്ന വലിയ ഒരു ബൾബ്‌ കത്തി നില്ക്കുന്നു. ഈ ഒരു വാതിലിനു അപ്പുറവും ഇപ്പുറവുമായി അമ്മയും ഞാനും  വേർപ്പെട്ടിരിക്കുകയാണ്. എല്ലാ ബന്ധങ്ങളും കീറി മുറിക്കപ്പെടുന്ന ഒരിടം.സ്വന്തം ശരികൾ തേടിയുള്ള യാത്രയിൽ അമ്മയുടെ ശരികളെ എന്നും തള്ളിക്കളഞ്ഞിട്ടെ ഉള്ളു എന്നോർത്തു. ആ ജന്മമാണ് ഇപ്പോൾ ഇവിടെ കണ്മുൻപിൽ കിടക്കുന്നത്.. എല്ലാം നിന്റെ ഇഷ്ട്ടം പോലെയല്ലേ എന്ന് മാത്രം പറഞ്ഞു എല്ലാ പരാതികളും ഉള്ളിലൊതുക്കുന്ന ഒരുവൾ.

തിയേറ്ററിന്റെ ചെറിയ ചില്ല് ജനാലയിലൂടെ അകത്തേക്ക് ഒന്ന് നോക്കി.കീറി മുറിക്കപ്പെടാൻ തയ്യാറായി മരുന്നുകളുടെ താരാട്ട് കേട്ടുറങ്ങുന്ന  അമ്മയെ ഒരു നോക്ക് കണ്ടു. എന്റെ  ജന്മസ്ഥലം.ഞാൻ  ആദ്യം കണ്ട കാഴ്ചകൾ  അവിടെയാണ്. ഓർമ്മകൾ വരക്കാൻ മറന്നുപോയ ചിത്രങ്ങൾ  ഇപ്പോൾ ഞാൻ കാണുന്നു.