രണ്ട് കുട്ടിക്കഥകൾ



കുഞ്ഞാമക്കു കൂട്ടുപോയ കുഞ്ഞിമീൻ




കുഞ്ഞാമ ഒരക്ഷരംമിണ്ടുന്നില്ല. വെള്ളത്തിൽ  കിടക്കുന്നതോണ്ടായിരിക്കുമോ?അതോ പറയുന്നതു മനസ്സിലാകാണ്ടാണോ?പാടത്തു പോയപ്പോൾ കിട്ടിയതാണ്. മൂന്നു നാലു ദിവസ്സം കുഞ്ഞാമയെ അങ്ങനെ ഒറ്റയ്ക്ക് കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വിഷമം തോന്നി. കുഞ്ഞാമക്കൊരു കൂട്ടുവേണം.ആരെയാണ്കൂട്ടുകാരനായി കൊടുക്കുക? ഒരു ചെറിയ ചില്ലുകുപ്പിയും എടുത്തു ഉണ്ണിക്കുട്ടൻ കുളക്കരയിലേക്ക്‌ നടന്നു.കുളത്തിൻറെ പടവുകളിൽ നിന്ന് കുപ്പി വെള്ളത്തിൽ മുക്കി പുറത്തെടുത്തു.രക്ഷയില്ല.കുറെ നേരം അങ്ങനെ മുക്കിയും പൊക്കിയും നോക്കിയപ്പോൾ അതാ ഒരു കുഞ്ഞിമീൻ.പേടിക്കണ്ടാട്ടോ  ഉണ്ണിക്കുട്ടൻ കുഞ്ഞിമീനിനോടു പറഞ്ഞു. നിനക്ക് നല്ല ഒരു കൂട്ടുകാരനെ തരാം”. ചില്ലുകുപ്പിയും കൊണ്ട് ഉണ്ണിക്കുട്ടൻ വീട്ടിലേക്കോടി.കുപ്പി അങ്ങനെത്തന്നെ കുഞ്ഞാമ കിടക്കുന്ന ചില്ല് ഭരണിയിലേക്ക് കമഴ്ത്തി.ഇതാ കുഞ്ഞിമീൻ പുതിയ താമസ സ്ഥലത്ത് എത്തിയിരിക്കുന്നു.ഒന്ന് പിടഞ്ഞ ശേഷം അതു നീന്താൻ തുടങ്ങി. 

ഇതാ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ, ഉണ്ണിക്കുട്ടൻ കുഞ്ഞാമയോടു പറഞ്ഞു. കുഞ്ഞാമ കുറച്ചു നേരം അങ്ങനെ അനങ്ങാതെ കിടന്നിട്ടു വെട്ടിത്തിരിഞ്ഞ് കുഞ്ഞിമീന്റെ അടുത്തെത്തി.കുഞ്ഞാമക്കു സന്തോഷമായി കാണുമോ? ഉണ്ണിക്കുട്ടനു ആകാംക്ഷ അടക്കാനാകുന്നില്ല.നീന്തി വന്ന കുഞ്ഞാമ ഒരു നിമിഷം കുഞ്ഞി മീനിൻറെ അടുത്ത് നിന്ന ശേഷം വാ തുറന്നു ഒറ്റയടിക്ക് കുഞ്ഞിമീനെ അങ്ങ് വിഴുങ്ങി.എന്നിട്ട് ഒന്നുമറിയാത്ത പോലെ  വീണ്ടും ഒറ്റയ്ക്ക് നീന്താൻ തുടങ്ങി. ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല.അതെന്താ കുഞ്ഞാമ കുഞ്ഞിമീനിനെ വിഴുങ്ങിയത്? ഉണ്ണിക്കുട്ടൻ  കുറച്ചു നേരം കുഞ്ഞാമയെ നോക്കിനിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കുളം വറ്റിയും നിറഞ്ഞും കാലമൊരുപാട് കഴിഞ്ഞിരിക്കുന്നു.കുഞ്ഞാമ ഇന്നില്ല.ഉണ്ണിക്കുട്ടൻ വളർന്നു വലുതായി. മനസ്സിൽ നിന്നും ഇറങ്ങിപ്പോകാതെ ആ ഒരു നിമിഷം മാത്രം ബാക്കി. കുഞ്ഞാമക്കു കൂട്ടുപോയ കുഞ്ഞിമീനിനെ ഉണ്ണിക്കുട്ടൻ മറന്നില്ല.





മഞ്ഞ മഴക്കോട്ട്






മഴയെക്കുറിച്ച് ചിത്രം വരയ്ക്കാനാണ് മാഷ്‌ പറഞ്ഞിരിക്കുന്നത്. എന്ത് വരക്കണം എന്നാലോചിച്ചിട്ട്  കുഞ്ഞുമോൾക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.നാളെ വരച്ചു കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്.പടംവര പുസ്തകവും മെഴുകു പെൻസിലും കയ്യിൽ പിടിച്ചു അവൾ വീടിന്റെ മുറ്റത്തിറങ്ങി,കുറച്ചു നേരം ആകാശത്തേക്ക് നോക്കിനിന്നു.പിന്നെ പറമ്പിൻറെ വലത്ത് വശത്തുള്ള ചെറിയ കുളത്തിന് നേരെ നടന്നു. തവള ചേട്ടന്റെ പോക്രോം, പോക്രോം വിളികൾ കേൾക്കുന്നുണ്ട്.കുളത്തിന്റെ ഒരു മൂലക്കതാ അങ്ങനെ അനങ്ങാതെ കിടക്കുന്നു നമ്മുടെ ചങ്ങാതി- ആമക്കുട്ടൻ. നല്ല കാറ്റ് വീശുന്നുണ്ട്.ദൂരെയെവിടെയോ ഇടി കുടുങ്ങി.അമ്മ അകത്തുനിന്നും വിളിക്കുന്നു.കുഞ്ഞോളേ മഴ വരുന്നു.അകത്തു കേറ്. അവൾ വീട്ടിലേക്കു നടന്നു. മഴ പെയ്യുമ്പോൾ ആമക്കുട്ടനെന്തു ചെയ്യും? കുഞ്ഞുമോൾ ആലോചിച്ചു.

അടുത്ത ദിവസം രാവിലെ മുഴുവൻ നല്ല മഴയായിരുന്നു. മഞ്ഞ നിറമുള്ള മഴക്കൊട്ടും ഇട്ടു അവൾ സ്ക്കൂളിലെത്തി.മാഷ്‌ വന്നപ്പോൾ കുഞ്ഞുമോൾ ചിത്ര പുസ്തകം നീട്ടി. ഒരു ചെറിയ വീടും അതിന്റെ മുറ്റത്ത്‌ ഒരു കുളവും അവൾ വരച്ചിരിക്കുന്നു. മഞ്ഞ നിറമുള്ള മഴക്കോട്ടിട്ടു ഒരാമ ആ കുളത്തിൽ നീന്തുന്നു. അതു നോക്കികൊണ്ട്‌ ഒരു മന്തൻ തവളയും.

(കടപ്പാട് : ആമിർ ഹംസകുനാൽ കൽറ എന്നീ സുഹൃത്തുക്കൾക്ക്)



Comments

Popular posts from this blog

വരയ്ക്കാത്ത ചിത്രങ്ങൾ

അവളുടെ മൂന്നാണുങ്ങൾ