അവളുടെ മൂന്നാണുങ്ങൾ





പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻ ചെരുവിലായിരുന്നു അവർ. ഇളംകാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോകുന്നത് നോക്കി അയാളിരുന്നു.ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെയായിരിക്കുന്നു തൻറെ മനസ്സെന്നു അയാൾക്ക്‌ തോന്നി.ഏകാന്തമായി എങ്ങോട്ടോ കുത്തിയൊഴുകിക്കൊണ്ടിരുന്ന മനസ്സിനെ എത്ര പെട്ടന്നാണ് അവളുടെ വരവ് മാറ്റിയെടുത്തതെന്നു അയാൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. താൻ അവൾക്കു ആരാണ് എന്ന് ചോദിക്കാൻ മനസ്സ് പലപ്പോഴും വെമ്പിയിരുന്നു.അയാൾക്ക്‌ അവളിൽ നിന്നും ഒളിക്കാൻ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു, എങ്കിലും താൻ കേൾക്കാൻ കൊതിക്കുന്ന ഒരു മറുപടി അവളിൽ നിന്നും വന്നില്ലെങ്കിലോ എന്ന് ഭയന്ന് ആ ചോദ്യത്തെ എപ്പോഴും അയാൾ തുടക്കത്തിൽ  തന്നെ  ഞെരുക്കി കൊന്നുകൊണ്ടിരുന്നു.അവളുടെ രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പോകാൻ ഒരിക്കലും അയാൾക്ക്‌ കഴിഞ്ഞില്ലെങ്കിലും തന്നോടൊപ്പമുള്ള സമയങ്ങളിൽ അവൾ സന്തോഷവതിയാണ് എന്ന് അയാൾ ഉറപ്പു വരുത്തുമായിരുന്നു.
                
ചെറു മഴയിൽ കിളിർത്ത ഇളം പുല്ലുകൾ നിറഞ്ഞ ആ വഴിയിലൂടെ  രണ്ടു പേർ നടക്കുകയാണ്.ഒരാണും പെണ്ണും.വാക്കുകളിലൂടെയല്ല,നിശബ്ദമായ നോട്ടങ്ങളിലൂടെയാണ് അവർ സംസാരിക്കുന്നതെന്ന് തോന്നും.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ആ കണ്ണീർ തുള്ളികൾക്ക് പറയാൻ കഴിയുന്നതിലേറെ ഗാഡ്ഡമാണ് അവളുടെ സങ്കടങ്ങൾ എന്ന് അയാളും അറിഞ്ഞിരുന്നു. ഓരോ തവണ കാണുമ്പോഴും എന്തോ പറയാൻ അവൾ വെമ്പുന്നതായി അയാൾക്ക്‌ തോന്നും.തൻറെ മനസ്സ് അവളോടടുക്കാൻ അയാൾ ആഗ്രഹിച്ചില്ല.എന്നാൽ പലപ്പോഴും കടിഞ്ഞാണ്‍ പൊട്ടിച്ചു അവളോട്‌ സംസാരിക്കാൻ മനസ്സ് ശ്രമിച്ചുകൊണ്ടെയിരിക്കുന്നു.ഒരുപാട് അടിയൊഴുക്കുകൾ ഉള്ള ഒരു പുഴയാണ് അവളെന്ന് അയാൾക്ക്‌ തോന്നാറുണ്ട്. അവളുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ മാത്രമാണോ താനെന്നു അയാൾ ശങ്കിച്ചു. പുറമേക്ക് എത്ര ശാന്തമായാണ് അവൾ പെരുമാറുന്നത് ?എത്ര ഭംഗിയായാണ് അവൾ ഉള്ളിലെ തിരകളെ ഒളിപ്പിക്കുന്നത്? താൻ അവൾക്ക് ആരാണ് എന്നറിയാൻ അയാൾ ആഗ്രഹിച്ചില്ല.അയാൾക്ക്‌ അയാളെ തന്നെ ഭയമായിരുന്നു.

സിഗരറ്റിൻറെ പുക നിറഞ്ഞ ആ മുറിയിൽ ഒറ്റക്കൊരു മനുഷ്യൻ. അയാളുടെ വിരലുകൾ താടിരോമങ്ങളിലൂടെ അലക്ഷ്യമായി ചലിച്ചുകൊണ്ടിരുന്നു.മനസ്സിനെ അലട്ടികൊണ്ട് ഒരു മുഖം...അവൾ എന്തിനാണ് തന്നോട് അടുക്കാൻ ശ്രമിക്കുന്നതെന്ന് അയാൾ അത്ഭുതപ്പെട്ടു.ലോകത്തെ തന്നെ അടിമുടിമറിച്ച ചിന്തകൾ മനസ്സിലിട്ടു അമ്മാനമാടുന്ന തന്നെ ഇളക്കി മറിച്ചുകൊണ്ടാണ് അവൾ കടന്നു വന്നത്.അവളുടെ കണ്ണുകളിലെ തിളക്കം ഒളിപ്പിക്കുന്നതെന്തെന്നു അയാൾ അറിഞ്ഞിരുന്നു.

മൂടൽ മഞ്ഞു മറച്ച ഒരു ചില്ലുജാലകത്തിനരികിൽ അവളിരുന്നു.പുറം കാഴ്ചകൾ അവ്യക്തമാണ്. തന്നെ തേടി വരുന്ന മുഖങ്ങൾ അവൾ ഓർത്തു. താൻ തേടിക്കൊണ്ടിരിക്കുന്ന മുഖം മാത്രം കാണുന്നില്ലല്ലോ...അയാൾ ദൂരെ,ദൂരെ എവിടെയോ... മറ്റൊരാളോടൊപ്പം...താൻ അയാൾക്ക് ആരായിരുന്നു എന്ന് ഓർക്കാൻ ശ്രമിച്ചുകൊണ്ട്‌ അവളിരുന്നു.



Comments

  1. മിസ്റ്റർ ജോയൽ....താങ്കളുടെ ഇ സ്റ്റോറി വായിച്ചു.....വളരെ നല്ല കഥാസന്ദർ ഭങ്ങൾ നിറഞ്ഞ മുഹൂർത്തങ്ങളി ലൂടെ കടന്നു ചെന്നിരിക്കുന്നു.....നമുക്ക് ഇതിൽ ഒരു സിനിമ യുടെ ഭാവി കണ്ടു കൂടേ ........

    ReplyDelete
  2. നന്നായെഴുതിയിരിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

വരയ്ക്കാത്ത ചിത്രങ്ങൾ

രണ്ട് കുട്ടിക്കഥകൾ