Saturday, 4 October 2014

രണ്ട് കുട്ടിക്കഥകൾകുഞ്ഞാമക്കു കൂട്ടുപോയ കുഞ്ഞിമീൻ
കുഞ്ഞാമ ഒരക്ഷരംമിണ്ടുന്നില്ല. വെള്ളത്തിൽ  കിടക്കുന്നതോണ്ടായിരിക്കുമോ?അതോ പറയുന്നതു മനസ്സിലാകാണ്ടാണോ?പാടത്തു പോയപ്പോൾ കിട്ടിയതാണ്. മൂന്നു നാലു ദിവസ്സം കുഞ്ഞാമയെ അങ്ങനെ ഒറ്റയ്ക്ക് കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വിഷമം തോന്നി. കുഞ്ഞാമക്കൊരു കൂട്ടുവേണം.ആരെയാണ്കൂട്ടുകാരനായി കൊടുക്കുക? ഒരു ചെറിയ ചില്ലുകുപ്പിയും എടുത്തു ഉണ്ണിക്കുട്ടൻ കുളക്കരയിലേക്ക്‌ നടന്നു.കുളത്തിൻറെ പടവുകളിൽ നിന്ന് കുപ്പി വെള്ളത്തിൽ മുക്കി പുറത്തെടുത്തു.രക്ഷയില്ല.കുറെ നേരം അങ്ങനെ മുക്കിയും പൊക്കിയും നോക്കിയപ്പോൾ അതാ ഒരു കുഞ്ഞിമീൻ.പേടിക്കണ്ടാട്ടോ  ഉണ്ണിക്കുട്ടൻ കുഞ്ഞിമീനിനോടു പറഞ്ഞു. നിനക്ക് നല്ല ഒരു കൂട്ടുകാരനെ തരാം”. ചില്ലുകുപ്പിയും കൊണ്ട് ഉണ്ണിക്കുട്ടൻ വീട്ടിലേക്കോടി.കുപ്പി അങ്ങനെത്തന്നെ കുഞ്ഞാമ കിടക്കുന്ന ചില്ല് ഭരണിയിലേക്ക് കമഴ്ത്തി.ഇതാ കുഞ്ഞിമീൻ പുതിയ താമസ സ്ഥലത്ത് എത്തിയിരിക്കുന്നു.ഒന്ന് പിടഞ്ഞ ശേഷം അതു നീന്താൻ തുടങ്ങി. 

ഇതാ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ, ഉണ്ണിക്കുട്ടൻ കുഞ്ഞാമയോടു പറഞ്ഞു. കുഞ്ഞാമ കുറച്ചു നേരം അങ്ങനെ അനങ്ങാതെ കിടന്നിട്ടു വെട്ടിത്തിരിഞ്ഞ് കുഞ്ഞിമീന്റെ അടുത്തെത്തി.കുഞ്ഞാമക്കു സന്തോഷമായി കാണുമോ? ഉണ്ണിക്കുട്ടനു ആകാംക്ഷ അടക്കാനാകുന്നില്ല.നീന്തി വന്ന കുഞ്ഞാമ ഒരു നിമിഷം കുഞ്ഞി മീനിൻറെ അടുത്ത് നിന്ന ശേഷം വാ തുറന്നു ഒറ്റയടിക്ക് കുഞ്ഞിമീനെ അങ്ങ് വിഴുങ്ങി.എന്നിട്ട് ഒന്നുമറിയാത്ത പോലെ  വീണ്ടും ഒറ്റയ്ക്ക് നീന്താൻ തുടങ്ങി. ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല.അതെന്താ കുഞ്ഞാമ കുഞ്ഞിമീനിനെ വിഴുങ്ങിയത്? ഉണ്ണിക്കുട്ടൻ  കുറച്ചു നേരം കുഞ്ഞാമയെ നോക്കിനിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കുളം വറ്റിയും നിറഞ്ഞും കാലമൊരുപാട് കഴിഞ്ഞിരിക്കുന്നു.കുഞ്ഞാമ ഇന്നില്ല.ഉണ്ണിക്കുട്ടൻ വളർന്നു വലുതായി. മനസ്സിൽ നിന്നും ഇറങ്ങിപ്പോകാതെ ആ ഒരു നിമിഷം മാത്രം ബാക്കി. കുഞ്ഞാമക്കു കൂട്ടുപോയ കുഞ്ഞിമീനിനെ ഉണ്ണിക്കുട്ടൻ മറന്നില്ല.

മഞ്ഞ മഴക്കോട്ട്


മഴയെക്കുറിച്ച് ചിത്രം വരയ്ക്കാനാണ് മാഷ്‌ പറഞ്ഞിരിക്കുന്നത്. എന്ത് വരക്കണം എന്നാലോചിച്ചിട്ട്  കുഞ്ഞുമോൾക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.നാളെ വരച്ചു കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്.പടംവര പുസ്തകവും മെഴുകു പെൻസിലും കയ്യിൽ പിടിച്ചു അവൾ വീടിന്റെ മുറ്റത്തിറങ്ങി,കുറച്ചു നേരം ആകാശത്തേക്ക് നോക്കിനിന്നു.പിന്നെ പറമ്പിൻറെ വലത്ത് വശത്തുള്ള ചെറിയ കുളത്തിന് നേരെ നടന്നു. തവള ചേട്ടന്റെ പോക്രോം, പോക്രോം വിളികൾ കേൾക്കുന്നുണ്ട്.കുളത്തിന്റെ ഒരു മൂലക്കതാ അങ്ങനെ അനങ്ങാതെ കിടക്കുന്നു നമ്മുടെ ചങ്ങാതി- ആമക്കുട്ടൻ. നല്ല കാറ്റ് വീശുന്നുണ്ട്.ദൂരെയെവിടെയോ ഇടി കുടുങ്ങി.അമ്മ അകത്തുനിന്നും വിളിക്കുന്നു.കുഞ്ഞോളേ മഴ വരുന്നു.അകത്തു കേറ്. അവൾ വീട്ടിലേക്കു നടന്നു. മഴ പെയ്യുമ്പോൾ ആമക്കുട്ടനെന്തു ചെയ്യും? കുഞ്ഞുമോൾ ആലോചിച്ചു.

അടുത്ത ദിവസം രാവിലെ മുഴുവൻ നല്ല മഴയായിരുന്നു. മഞ്ഞ നിറമുള്ള മഴക്കൊട്ടും ഇട്ടു അവൾ സ്ക്കൂളിലെത്തി.മാഷ്‌ വന്നപ്പോൾ കുഞ്ഞുമോൾ ചിത്ര പുസ്തകം നീട്ടി. ഒരു ചെറിയ വീടും അതിന്റെ മുറ്റത്ത്‌ ഒരു കുളവും അവൾ വരച്ചിരിക്കുന്നു. മഞ്ഞ നിറമുള്ള മഴക്കോട്ടിട്ടു ഒരാമ ആ കുളത്തിൽ നീന്തുന്നു. അതു നോക്കികൊണ്ട്‌ ഒരു മന്തൻ തവളയും.

(കടപ്പാട് : ആമിർ ഹംസകുനാൽ കൽറ എന്നീ സുഹൃത്തുക്കൾക്ക്)Wednesday, 3 September 2014

കുഞ്ഞനുജത്തിയുടെ ഓർമ്മയ്ക്ക്‌
വഴിവിളക്കുകളുടെ ഇളം ചുവപ്പ് നിറഞ്ഞ ആ വിജനമായ തെരുവിലൂടെ തൻറെ നിഴലിനെ മാത്രം കൂട്ടുപിടിച്ച് അയാൾ നടന്നു.രാത്രി ഏറെ വൈകിയിരിക്കുന്നു. ഈ മഹാനഗരത്തിലെ ഏറ്റവും പ്രധാന വീഥിയിലൂടെയാണ്   താൻ നടക്കുന്നത് . പകൽ മുഴുവൻ ആയിരക്കണക്കിന് ആളുകളെയും വാഹനങ്ങളെയും ചുമന്നു മടുത്ത തെരുവ് ഇപ്പോൾ അല്പം ശ്വാസം കഴിക്കുകയാകാം. നഗരങ്ങളുടെ തിരക്കൊഴിഞ്ഞ രാത്രിവഴികളിലൂടെയുള്ള അലച്ചിൽ എത്രയോ വർഷങ്ങളായി തുടരുകയാണ്. പകലിൻറെ കാഴ്ചകൾ മാത്രമായിരുന്നില്ല യാത്രകൾ.കയറിയിറങ്ങുന്ന നഗരങ്ങളുടെ രാത്രിലോകങ്ങളെ അയാൾ എന്നും ആഗ്രഹിച്ചിരുന്നു. സെൻട്രൽ ജെയിലിൻറെ  അരികത്തുനിന്നും വലത്തോട്ട് മാറി തുറമുഖത്തേക്ക് ഉള്ള പ്രധാന പാതയിൽ അയാൾ പ്രവേശിച്ചു.വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികൾ ഒഴിച്ചാൽ ആ പാതയും വിജനമായിരുന്നു.നഗരം എത്ര പെട്ടന്നാണ് മുഖം മാറുന്നത്.ഇന്നലെ ഉച്ചക്ക് അതിലൂടെ  കടന്നു പോയപ്പോൾ അര മണിക്കൂറോളം വാഹനക്കുരുക്കിൽ പെട്ടത് അയാൾ ഓർത്തു.

ഒരു പൊട്ടിച്ചിരിയാണ് ശ്രദ്ധയെ റോഡിൻറെ മറുവശത്തേക്ക് തിരിച്ചത്. കോണ്‍ക്രീറ്റ്  സ്ലാബുകൾ കൊണ്ടുള്ള നടപ്പാതയിൽ കാഴ്ചക്ക് പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയിരിക്കുന്നു.അവളെക്കാൾ മൂന്നു നാല് വയസ്സിളപ്പം തോന്നിക്കുന്ന ഒരാണ്‍കുട്ടി എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൾക്കു ചുറ്റും ഓടി കളിക്കുന്നു. അവളാകട്ടെ കൈ നീട്ടി അവനെ എത്തിപ്പിടിക്കാൻ നോക്കുകയാണ്.അവളുടേത്‌ പോലുള്ള ഒരു പുഞ്ചിരി താൻ മുൻപൊരിക്കലും കണ്ടിട്ടില്ല എന്നയാളോർത്തു.എത്ര പ്രസന്നമാണ് അവളുടെ മുഖം! അവൾ ഇത്രയധികം സന്തോഷിക്കാൻ എന്താകും കാരണം? ഈ മണ്ണും ഭാഷയും തനിക്കന്യമാണ്,എന്നിട്ടുമെന്തേ ആ കൊച്ചുപെണ്‍കുട്ടിയിൽ കാഴ്ച ഉടക്കി പോകുന്നത്? ബന്ധങ്ങൾ മുറിച്ചെറിഞ്ഞുള്ള തൻറെ യാത്രയിൽ ഒരു ചോദ്യചിഹ്നം പോലെ ഈ പെണ്‍കുട്ടി.മറന്നു പോയ ഒരുപാട് മുഖങ്ങൾക്കിടയിൽ അവളുടെ മുഖമുണ്ടോ എന്ന് ഒരു നിമിഷം തിരഞ്ഞു.


ചിന്തകളുടെ തുടർച്ചയെ മുറിച്ചുകൊണ്ട് മറ്റുചില ശബ്ദങ്ങൾ.അവളിരിക്കുന്നതിൻറെ കുറച്ചു മുൻപിലായി മൂന്നു സ്ത്രീകൾ.വിലകുറഞ്ഞ നേർത്ത ഇളം നിറത്തിലുള്ള സാരികൾ ധരിച്ചു ചെഞ്ചായം പുരട്ടിയ ചുണ്ടുകളോടെ അവർ ആ പെണ്‍കുട്ടിയെ നോക്കി എന്തോ പറയുകയാണ്‌.അരക്കുപ്പി റമ്മിൻറെ വിലക്ക് അതിലും വലിയ ലഹരി വിളമ്പാൻ തയ്യാറായി അവർ നില്ക്കുകയാണ്. അവർ നില്ക്കുന്നതിനോട് ചേർന്ന് ഒരു ഓടിട്ട മുറി.വാതിലിനോടു ചേർന്ന് തൂങ്ങിയാടുന്ന വൈദ്യുത വിളക്കിന്റെ വെളിച്ചത്തിൽ രണ്ടാളുകൾ പുറത്തിറങ്ങി വരുന്നത് അയാൾ കണ്ടു.അലസമായ മുഖഭാവത്തോടെ, ചിതറിക്കിടക്കുന്ന തൻറെ മുടി കെട്ടിയൊതുക്കി ഒരു സ്ത്രീയും,വിയർത്തു കുളിച്ച ശരീരം ഷർട്ടിട്ടു മറക്കാൻ ശ്രമിച്ചുകൊണ്ട്‌ മധ്യവയസ്ക്കനായ ഒരു പുരുഷനും. ആ സ്ത്രീ നേരെ നടപ്പാതയിലേക്കു കയറി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് നടന്നു.കുട്ടികൾ കളി തുടരുകയാണ്.ആ സ്ത്രീ ഒരു നേർത്ത പുഞ്ചിരിയോടെ കുട്ടികളുടെ കളിചിരികൾ കുറച്ചു നേരം നോക്കിനിന്നിട്ട് അവിടെയുള്ള തുണികൊണ്ട് മറച്ച കൂടാരത്തിൽ കയറി കിടന്നു. കുട്ടികളുടെ ആരായിരിക്കും അവർ? അറിയാൻ ഒരു വഴിയുമില്ല.വഴിയരികിൽ നില്ക്കുന്ന മറ്റു മൂന്നു സ്ത്രീകളുടെയും നോട്ടം തന്നിലെക്കാണെന്നു കണ്ടപ്പോൾ അയാൾ നടത്തത്തിനു വേഗം കൂട്ടി.


പകൽ യാത്രകളിൽ കാണുന്ന മുഖങ്ങളൊന്നും ഓർമ്മയിൽ പതിയാതെയായിരിക്കുന്നു. എന്നാൽ രാത്രിയിലെ മുഖങ്ങൾക്കു എത്രയോ തീവ്രതയാണ്.ആ നഗരത്തിൽ പിന്നീടിതുവരെ കാലുകുത്തിയിട്ടില്ല.എത്രയോ ഇടങ്ങളിൽ അലഞ്ഞു, എന്നിട്ടും ആ നഗരത്തെ മാത്രം അകറ്റി നിറുത്തിയിരിക്കുകയാണ്.പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്നവരുടെ പറുദീസയാണ് ആ നഗരം എന്നയാൾ പറഞ്ഞു കേട്ടിരുന്നു- ഇളതാവുംതോറും വില കുതിച്ചുയരുന്ന ഒരു ചരക്ക്. തൻറെ ഇഷ്ട വിനോദമായ രാത്രി യാത്രകളെ അയാൾ വെറുത്തു തുടങ്ങിയിരിക്കുന്നു. ഓരോയിടവും  മറക്കാനാകാത്ത  മുഖങ്ങളെ സമ്മാനിക്കാൻ തുടങ്ങിയാൽ, താൻ എല്ലാം പൊട്ടിച്ചെറിഞ്ഞു യാത്ര തുടങ്ങിയ അതേയിടത്തെക്ക് തന്നെ തിരിച്ചുപോകേണ്ടി വരുമോയെന്ന് അയാൾ ഭയന്നു.

Friday, 8 August 2014

അവളുടെ മൂന്നാണുങ്ങൾ

പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻ ചെരുവിലായിരുന്നു അവർ. ഇളംകാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോകുന്നത് നോക്കി അയാളിരുന്നു.ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെയായിരിക്കുന്നു തൻറെ മനസ്സെന്നു അയാൾക്ക്‌ തോന്നി.ഏകാന്തമായി എങ്ങോട്ടോ കുത്തിയൊഴുകിക്കൊണ്ടിരുന്ന മനസ്സിനെ എത്ര പെട്ടന്നാണ് അവളുടെ വരവ് മാറ്റിയെടുത്തതെന്നു അയാൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. താൻ അവൾക്കു ആരാണ് എന്ന് ചോദിക്കാൻ മനസ്സ് പലപ്പോഴും വെമ്പിയിരുന്നു.അയാൾക്ക്‌ അവളിൽ നിന്നും ഒളിക്കാൻ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു, എങ്കിലും താൻ കേൾക്കാൻ കൊതിക്കുന്ന ഒരു മറുപടി അവളിൽ നിന്നും വന്നില്ലെങ്കിലോ എന്ന് ഭയന്ന് ആ ചോദ്യത്തെ എപ്പോഴും അയാൾ തുടക്കത്തിൽ  തന്നെ  ഞെരുക്കി കൊന്നുകൊണ്ടിരുന്നു.അവളുടെ രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പോകാൻ ഒരിക്കലും അയാൾക്ക്‌ കഴിഞ്ഞില്ലെങ്കിലും തന്നോടൊപ്പമുള്ള സമയങ്ങളിൽ അവൾ സന്തോഷവതിയാണ് എന്ന് അയാൾ ഉറപ്പു വരുത്തുമായിരുന്നു.
                
ചെറു മഴയിൽ കിളിർത്ത ഇളം പുല്ലുകൾ നിറഞ്ഞ ആ വഴിയിലൂടെ  രണ്ടു പേർ നടക്കുകയാണ്.ഒരാണും പെണ്ണും.വാക്കുകളിലൂടെയല്ല,നിശബ്ദമായ നോട്ടങ്ങളിലൂടെയാണ് അവർ സംസാരിക്കുന്നതെന്ന് തോന്നും.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ആ കണ്ണീർ തുള്ളികൾക്ക് പറയാൻ കഴിയുന്നതിലേറെ ഗാഡ്ഡമാണ് അവളുടെ സങ്കടങ്ങൾ എന്ന് അയാളും അറിഞ്ഞിരുന്നു. ഓരോ തവണ കാണുമ്പോഴും എന്തോ പറയാൻ അവൾ വെമ്പുന്നതായി അയാൾക്ക്‌ തോന്നും.തൻറെ മനസ്സ് അവളോടടുക്കാൻ അയാൾ ആഗ്രഹിച്ചില്ല.എന്നാൽ പലപ്പോഴും കടിഞ്ഞാണ്‍ പൊട്ടിച്ചു അവളോട്‌ സംസാരിക്കാൻ മനസ്സ് ശ്രമിച്ചുകൊണ്ടെയിരിക്കുന്നു.ഒരുപാട് അടിയൊഴുക്കുകൾ ഉള്ള ഒരു പുഴയാണ് അവളെന്ന് അയാൾക്ക്‌ തോന്നാറുണ്ട്. അവളുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ മാത്രമാണോ താനെന്നു അയാൾ ശങ്കിച്ചു. പുറമേക്ക് എത്ര ശാന്തമായാണ് അവൾ പെരുമാറുന്നത് ?എത്ര ഭംഗിയായാണ് അവൾ ഉള്ളിലെ തിരകളെ ഒളിപ്പിക്കുന്നത്? താൻ അവൾക്ക് ആരാണ് എന്നറിയാൻ അയാൾ ആഗ്രഹിച്ചില്ല.അയാൾക്ക്‌ അയാളെ തന്നെ ഭയമായിരുന്നു.

സിഗരറ്റിൻറെ പുക നിറഞ്ഞ ആ മുറിയിൽ ഒറ്റക്കൊരു മനുഷ്യൻ. അയാളുടെ വിരലുകൾ താടിരോമങ്ങളിലൂടെ അലക്ഷ്യമായി ചലിച്ചുകൊണ്ടിരുന്നു.മനസ്സിനെ അലട്ടികൊണ്ട് ഒരു മുഖം...അവൾ എന്തിനാണ് തന്നോട് അടുക്കാൻ ശ്രമിക്കുന്നതെന്ന് അയാൾ അത്ഭുതപ്പെട്ടു.ലോകത്തെ തന്നെ അടിമുടിമറിച്ച ചിന്തകൾ മനസ്സിലിട്ടു അമ്മാനമാടുന്ന തന്നെ ഇളക്കി മറിച്ചുകൊണ്ടാണ് അവൾ കടന്നു വന്നത്.അവളുടെ കണ്ണുകളിലെ തിളക്കം ഒളിപ്പിക്കുന്നതെന്തെന്നു അയാൾ അറിഞ്ഞിരുന്നു.

മൂടൽ മഞ്ഞു മറച്ച ഒരു ചില്ലുജാലകത്തിനരികിൽ അവളിരുന്നു.പുറം കാഴ്ചകൾ അവ്യക്തമാണ്. തന്നെ തേടി വരുന്ന മുഖങ്ങൾ അവൾ ഓർത്തു. താൻ തേടിക്കൊണ്ടിരിക്കുന്ന മുഖം മാത്രം കാണുന്നില്ലല്ലോ...അയാൾ ദൂരെ,ദൂരെ എവിടെയോ... മറ്റൊരാളോടൊപ്പം...താൻ അയാൾക്ക് ആരായിരുന്നു എന്ന് ഓർക്കാൻ ശ്രമിച്ചുകൊണ്ട്‌ അവളിരുന്നു.